Dec 16, 2008

തുലാഭാരം

പൊതുവേ എല്ലാ അമ്മമാരുടെയും സ്വഭാവമാണ് മക്കളുടെ പേര്‍ക്ക് വഴിപാടുകള്‍ നേരുക എന്നത്.
എന്റെ അമ്മയ്ക്ക്, എന്റെ പത്താംക്ലാസ് കഴിഞ്ഞതോടെ എന്നിലുള്ള ആത്മവിശ്വാസത്തില്‍ കുറേശ്ശെ ചോര്‍ച്ച നേരിട്ടു എന്നു തോന്നുന്നു...
പത്താംക്ലാസ് വരെ പച്ചവെള്ളം പോലും ചവച്ചിറക്കുന്ന ഒരു മിണ്ടാപ്രാണിയായിരുന്നു ഞാന്‍... 
അല്ലെങ്കില്‍ അങ്ങനെയൊരു ഇമേജാണ് ഞാന്‍ പുറത്തേയ്ക്ക് കാണിച്ചിരുന്നത്.
പ്ലസ് ടൂ കഴിഞ്ഞതോടെ ഞാന്‍ സ്വാതന്ത്ര്യത്തിന്റെ രുചി കുറേശ്ശേ രുചിയ്ക്കാന്‍ തുടങ്ങി...
എഞിനിയറിങ്ങ് ആ‍യതോടെ ജീവിതം എങ്ങനെ അര്‍മ്മാദിയ്ക്കാം എന്നു ഞാനേറെക്കുറേ മനസിലാക്കിയിരുന്നു(വളരെ വിപുലമായിട്ടല്ലെങ്കിലും)
അച്ഛനുമമ്മയും ടീച്ചര്‍മാരായിരുന്നതുകൊണ്ട് എന്റെയീ പോക്കു കണ്ട് അവര്‍ക്ക്, വിശിഷ്യാ അമ്മയ്ക്ക് വല്ലാത്ത ഒരു ഭീതി തോന്നിക്കാണണം... 
അങ്ങനെയാണ് എനിയ്ക്ക് നല്ല ഒരു ജോലി കിട്ടിയാല്‍ മുത്തലപുരം ഭഗവതിയ്ക്ക് (അമ്മയുടെ വീടിനടുത്ത്) ശര്‍ക്കര കൊണ്ട് ഒരു തുലാഭാരം നേര്‍ന്നേക്കാം എന്ന് അമ്മ പ്രാര്‍ത്ഥിയ്ക്കാനിടയായത്. 

ഏതായാലും വിളിച്ചാല്‍ വിളികേള്‍ക്കുന്ന ഭഗവതി തുണച്ചു... 
വഴിപാടിന്റെ വിവരം ജോലി കിട്ടിയ ശേഷമാണ് ഞാനറിയുന്നത്...
കേട്ടവഴി ഞാന്‍ അമ്മയുടെ നേരെ നോക്കി കണ്ണുമിഴിച്ചു. ലോകത്ത് വേറെ എന്തൊക്കെ വഴിപാടുകള്‍ കിടക്കുന്നു! മനുഷ്യനെ നാണം കെടുത്താന്‍ ഇതു തന്നെ അമ്മയ്ക്ക് തോന്നിയല്ലൊ!
എന്റെയീ വികാരവിക്ഷോഭത്തില്‍നിന്നും എന്റെ ആകാരവടിവിനെപ്പറ്റി നല്ല ഒരു രൂപം നിങ്ങള്‍ക്ക് കിട്ടിക്കാണും!
ഈ പ്രായത്തില്‍ത്തന്നെ സാമാന്യം മോശമല്ലാത്ത തടിയുടെയും അത്യാവശ്യം തരക്കേടില്ലാത്ത ഒരു കുടവയറിന്റെയും ഉടമയായിരുന്നു ഞാന്‍.
സുമാര്‍ പത്തെണ്‍പത് കിലോ തൂക്കം കാണുമായിരിക്കും...
വല്ല  അനര്‍ത്ഥവും സംഭവിച്ചാല്‍ ഇമേജ് നഷ്ടമാകുന്നത് നമുക്കല്ലേ... അമ്മയ്ക്കെന്താ!
തുലാഭാരം എന്നു കേട്ടപടിതന്നെ എന്റെ ഒരു ഒന്നൊന്നരക്കിലോ തല്‍ക്ഷണം കുറഞ്ഞുകാണും, തീര്‍ച്ച!
ഈ ന്യൂസ് കേട്ടവര്‍ കേട്ടവര്‍ ഒരു മാതിരി ആക്കി ചിരിയും മൂളിപ്പാട്ടുമൊക്കെ തുടങ്ങി... 
സ്വന്തം ചേട്ടന്മാരും സ്വന്തക്കാരുമൊക്കെത്തന്നെയാണെന്നോര്‍ക്കണം.

ഒരുത്തിയുടെ കമന്റ്... 
“രഘുവമ്മാവാ, തൂക്കാന്‍ ശര്‍ക്കര തികയാത്തതുകൊണ്ട് വീണ്ടും ശര്‍ക്കര വാങ്ങാന്‍ അമ്പലത്തില്‍നിന്നും ആളു പോയിരിക്കയാണെന്നു കേട്ടല്ലോ. തുലാഭാരക്കാരന്റെ തൂക്കം കേട്ട് പൊളിഞ്ഞ തിരുമേനിയുടെ വായ് ഇതുവരെ അടഞ്ഞിട്ടില്ലെന്നാ കേട്ടത്!”
എനിയ്ക്കെല്ലാം കൂടികേട്ടപ്പോള്‍ വട്ടു പിടിച്ചുതുടങ്ങി... ഇവളെയൊക്കെ ഒരു ദിവസം എന്റെ കൈയില്‍ കിട്ടും, അന്നു ശരിപ്പെടുത്തിക്കൊടുക്കാം...

അമ്മയോട് പരാതി പറഞ്ഞപ്പോള്‍ പണ്ട് ചൂലുകൊണ്ട് തുലാഭാരം നേര്‍ന്ന ദരിദ്രയായ ഏതോ സ്ത്രീയുടെ കഥപറഞ്ഞു. പുള്ളിക്കാരി പിന്നീട് കാശൊക്കെയായപ്പോ‍ള്‍ ചൂലിനു ഗെറ്റപ്പില്ലെന്നു കണ്ട് വേറെന്തോ ഐറ്റം കൊണ്ട് തുലാഭാരം നടത്തിയെന്നും, എന്നിട്ട് തുലാഭാരത്തട്ട് പൊങ്ങിയില്ലെന്നുമാണ് കഥ! 
അവസാനം ചൂലുതന്നെ കൊണ്ടുവന്നിട്ടേ വഴിപാടു നടന്നൊള്ളൂ പോലും!
ഇതാണ് അമ്മമാര്‍ മലയാളം ടീച്ചര്‍മാരായലുള്ള കുഴപ്പം... എന്തു പറഞ്ഞാ‍ലും കഥ!
ഇനിയിപ്പോ ഞാനായിട്ട് അമ്മയ്ക്കൊരു മനോവിഷമം വരുത്തണ്ട എന്നു വിചാരിച്ച് മിണ്ടാതിരുന്നു.
സംഭവം നടക്കാന്‍ പോകുന്നത് ഞങ്ങളുടെ കുടുംബയോഗത്തിന്റെ അന്നാണ്!
മെയിന്‍ പുള്ളികള്‍ മുതല്‍ അങ്ങ് പീക്കിരികള്‍ വരെ അന്നേദിവസം വരും! 
സകലരുടെയും മുന്നില്‍ വച്ച് മാനം പോകുമോ എന്റെ ഭഗവതീ?

അമ്മയോടു പറഞ്ഞിട്ട് കാര്യമില്ലെന്നുകണ്ട് ഞാന്‍ പേരമ്മയുടെ അടുത്തേയ്ക്കു ചെന്നു.
ഞാന്‍ പേരമ്മയുടെ അവിടെ താമസിച്ചാണ് അന്നു കോളേജില്‍ പോയ്ക്കൊണ്ടിരുന്നത്...
ഈ തുലാഭാരത്തട്ട് അമ്പലത്തിലേയ്ക്ക് വഴിപാടായി നല്‍കിയിരിയ്ക്കുന്നതും പേരമ്മയാണ്...

പേരമ്മ: “എന്തുവാടാ മുഖം വല്ലാതെയിരിക്കുന്നത്? വയറില്‍ വല്ല പ്രശ്നവുമാണോ?”
ഞാന്‍: “ഏയ്, അതൊന്നുമല്ല...”
പേരമ്മ: “പിന്നെന്താന്നുവച്ചാല്‍ പറ, നമുക്കു പരിഹാരമുണ്ടാക്കാം”

ഞാന്‍ പ്രശ്നം വിശദമായി അവതരിപ്പിച്ചു...

പേരമ്മ: “അയ്യോ ഇതിനാണോ നീയിങ്ങനെ വിഷമിയ്ക്കുന്നത്! നീയങ്ങനെ ടെന്‍ഷനടിയ്ക്കേണ്ട യാതൊരു കാര്യവുമില്ല... ഇതൊക്കെ മുന്‍ കൂട്ടി കണ്ടിട്ടുതന്നെ, തുലാഭാരത്തട്ടൊക്കെ നല്ല ബലത്തില്‍ തന്നെയാ ഉണ്ടാക്കിച്ചിരിയ്ക്കുന്നത്. നിന്നേപ്പോലെ രണ്ടാളിരുന്നാലും അതിനൊരു കുഴപ്പവും വരില്ല,നീ ധൈര്യമായിരി...”

ഹാവൂ ഞാനൊന്നാശ്വസിച്ചു... 
മേശപ്പുറത്ത് പേരമ്മ എനിക്കായി എടുത്തുവച്ച ചൂടുചായ ഞാന്‍ പതുക്കെ  കുടിച്ചു...

പേരമ്മ: “പിന്നെ... ഇനിയിപ്പോ ഈ തുലാഭാരത്തിനുള്ള തട്ട് തൂക്കിയിരിക്കുന്ന-അമ്പലത്തിന്റെ കഴുക്കോലെങ്ങാനും ഒടിഞ്ഞുപോന്നെങ്കിലേ ഒള്ളൂ!പഴയ കെട്ടിടമല്ലേ, ഒന്നും പറയാന്‍ പറ്റില്ലല്ലോ!“

ദൈവമേ! പിടിച്ചതിനേക്കാള്‍ വലുതാണ് അളയിലിരിയ്ക്കുന്നത് എന്നു പറഞ്ഞപോലെയായി എന്റെ അവസ്ഥ!
കഴുക്കോലും മേല്‍ക്കൂരയും എല്ലാംകൂടി പൊളിഞ്ഞുപോരുന്നതിലും എത്രയോ ഭേദമായിരുന്നു തുലാഭാരത്തിന്റെ ത്രാസുമാത്രം പൊട്ടിച്ചാടുന്നത്!
പേരമ്മയുടെ ഈ ‘ആശ്വാസവാക്ക്’ കേട്ട അതേ നിമിഷം ഞാനിറക്കിയ ചൂടന്‍ ചായ, മുകളിലേയ്ക്കോ‍ താഴേയ്ക്കോ പോ‍കാതെ  ഇടയ്ക്കെവിടെയോ തങ്ങി നിന്നു!

* * * * * * * * *

വാല്‍ക്കഷണം: 
ഏതായാലും തുലാഭാരം അനര്‍ത്ഥങ്ങളൊന്നും കൂടാതെ നടന്നു.
രൂപം കൊണ്ടും കൂടി എന്റെ ചേട്ടനെന്നു പറയാവുന്ന സുനുവേട്ടന്‍ ഞാന്‍ കയറുന്നതീനു മുന്‍പ് ഓപ്പറേഷന്റെ ഒരു ‘ഡ്രൈ റണ്‍‘ നടത്തി എനിയ്ക്ക് പച്ചക്കൊടി തന്നതിനു ശേഷമാണ് ഞാന്‍ കയറിയത്...


Dec 8, 2008

ഇന്റര്‍വ്യൂ

കൊച്ചമ്മാവന്റെ മകള്‍ ജാനുവിന് യൂ സി കോളേജില്‍ അഡ്മിഷന്‍ കിട്ടിയ സമയം... 
ഞാനങ്ങനെ സ്വൈര്യമായി കുസാറ്റില്‍ വിഹരിച്ചുകൊണ്ടിരുന്ന സമയം...

അവളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട ഇന്റര്‍വ്യൂ അടുത്ത ഞായറാഴ്ചയാണ്.
കൊച്ചമ്മാവന് നല്ല പനി... കൊച്ചേട്ടന്‍(ജാനുവിന്റെ ചേട്ടന്‍) ജോലിത്തിരക്കായതിനാല്‍ സ്ഥലത്തില്ല...
അങ്ങനെയാണ് അവളെയും കൊണ്ട് ഇന്റര്‍വ്യൂവിനു പോകാമോ എന്ന് അമ്മായി വിളിച്ച് ചോദിച്ചത്. ചീളു കേസല്ലേ എന്നു കരുതി ഏറ്റു.
രാവിലെ ജാനുവിനെ പിക് ചെയ്ത് യൂസീ കോളേജിലെത്തി.

അവള്‍ക്ക് കോളേജിലെ ‘മുറ‘കളൊക്കെ വിസ്തരിച്ചുകൊടുത്ത് ഒന്നു ഷൈന്‍ ചെയ്തുകളയാം... ‘തള്ള്’ ഒട്ടും കുറച്ചില്ല...

എന്റെ അമ്മ, അമ്മയുടെ വീട്ടിലെ പതിനൊന്നു പേരില്‍ ഒന്‍പതാമത്തെ ആ‍യതുകൊണ്ട്, 
എനിയ്ക്ക് ‘ഇളയത്തുങ്ങള്‍‘ ഒത്തിരിയൊന്നുമില്ല...
അതുകൊണ്ട് ഹീറോ ആകാന്‍ ആകെ ഉള്ള കുറച്ചെണ്ണങ്ങളെ വച്ച് അഡ്ജസ്റ്റ് ചെയ്യണം! വിധി...
ഇവറ്റകളാണെങ്കില്‍ വിളഞ്ഞ വിത്തുകളായതുകൊണ്ട് നമ്മുടെ നമ്പരുകള്‍ ഒന്നും അങ്ങോട്ട് ഏല്‍ക്കുകയുമില്ല!
പിന്നെ പണ്ടാരാണ്ട് പറഞ്ഞതുപോലെ “ഉള്ളതുകൊണ്ട് ഓണം പോലെ...”

അങ്ങനെ ക്ലാസ് ബങ്കിങ്ങിന്റെയും, ക്യാമ്പസ് രാഷ്ട്രീയത്തിന്റെയും മറ്റും വീരസാഹസികകഥകളും...
സെമെസ്റ്റര്‍ എക്സാമിനെ നേരിടാനുള്ള നൂറ്റൊന്ന് എളുപ്പവഴികളും ഒക്കെ പറഞ്ഞ് പറഞ്ഞ്... 
“ഹൊ! ഈ രഘുച്ചേട്ടന്‍ ഒരു സംഭവം തന്നെ“ എന്ന് അവളെക്കൊണ്ട് പറയിയ്ക്കാന്‍ ഞാന്‍ മാക്സിമം ശ്രമിച്ചു. 
എവടെ, എന്റെ തൊണ്ടയിലെ വള്ളം വറ്റിയതു മാത്രം മിച്ചം!

അങ്ങനെ ഞങ്ങള്‍ ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലത്തെത്തി...
കുറച്ചു സമയം പുറത്ത് കാത്തുനില്‍ക്കേണ്ടി വന്നു... ഒടുക്കം വിളി വന്നു.
പ്രിന്‍സിപ്പാള്‍ ആലുവായിലുള്ള പേരമ്മയെയും വല്യച്ഛനെയുമൊക്കെ അറിയാവുന്ന ആളാണെന്നാണ് കേട്ടത്... 
അതുകൊണ്ട് ഗൌരവം ഒട്ടും കളയാതെ ‘കലിപ്പായിട്ടു‘ നിന്നു...

ഞാന്‍ ജാനുവിന്റെ സ്വന്തം ചേട്ടനാണെന്ന് അവിടെയിരുന്നവര്‍ക്ക് പരിചയപ്പെടുത്തി... 
അങ്ങനെയാകുമ്പോള്‍ കുടുംബപുരാണവും മറ്റും ഇവിടെ വിസ്തരിയ്ക്കേണ്ടിവരില്ലല്ലോ... പിന്നെ മറ്റു ചോദ്യങ്ങളും കുറഞ്ഞിരിയ്ക്കും.

ഒന്നുരണ്ട് പതിവു ചോദ്യങ്ങള്‍ അവളോട് ചോദിച്ചപ്പോളേയ്ക്കും പ്രിന്‍സിയ്ക്ക് കുട്ടിയെ ബോധിച്ചു...

പ്രിന്‍സി: “എന്താണ് ഫ്യൂച്ചര്‍ പ്ലാന്‍?” 
ജാനു: “ഇതു കഴിഞ്ഞ് എം ബി എ ചെയ്യണം...”

(ഈ കുട്ടികളൊക്കെ വഴിപിഴച്ചുപോകയാണല്ലോ ദൈവമേ എന്നു ഞാന്‍ മനസ്സിലോര്‍ത്തു!)

പ്രിന്‍സി: “കൊള്ളാം കുട്ടിയ്ക്ക് ഭാവിയെപ്പറ്റി  നല്ല പ്ലാനിങ്ങ് ഉണ്ട്, വെരി ഗുഡ്. കീപ് ഇറ്റ് അപ്പ്... പോയി ആപ്ലിക്കേഷനുകളും മറ്റും പൂരിപ്പിച്ചോളൂ“

പിന്നെ നേരെ പോയത് ക്ലെര്‍ക്ക് ചേട്ടന്റെ അടുത്തേയ്ക്കാണ്... ഒരു പത്തു നാല്‍പ്പതു വയസു തോന്നിയ്ക്കുന്ന ചേട്ടന്‍.
പുള്ളി നല്ല ഒരു ചിരിയൊക്കെ ചിരിച്ച് അവളോട് കുറേ പേപ്പറിലൊക്കെ ഒപ്പിടാന്‍ പറഞ്ഞു.
എന്നിട്ട് എന്നോട് ചോദിച്ചു...

“ജാനുവിന്റെ... ചേട്ടനായിരിക്കും അല്ലേ...”
ഒട്ടും ഗൌരവം വിടാതെ ഞാന്‍ മറുപടി കൊടുത്തു...
“അതെ”

ചേട്ടന്‍: “ജോലിയിലാണോ അതോ പഠിയ്ക്കയാണോ?”
ഞാന്‍: “പഠിത്തം കഴിയാറായി...”

ചേട്ടന്‍: “എവിടെയാ‍ പഠിക്കുന്നത്?”
ഞാന്‍ കോളേജു വിവരങ്ങളും മറ്റും ആശാനു വിവരിച്ചുകൊടുത്തു.

ചേട്ടന്‍: “കുസാറ്റില്‍ എപ്പോളും പ്രശ്നങ്ങളാണെന്നാണല്ലോ കേള്‍ക്കുന്നത്...”
(ചേട്ടന്‍ പുലിയാണ് കേട്ടാ... ഞാന്‍ വിടുമോ...)
ഞാന്‍: “അതിപ്പോ എവിടെയാ പ്രശ്നങ്ങളില്ലാത്തത്? ഞങ്ങളുടെ കോളേജിലെ മാത്രം പ്രശ്നങ്ങള്‍ ഉടന്‍ പത്രത്തിലും റ്റീവീലുമൊക്കെ വരുമെന്നുമാത്രം!”

എന്റെ മറുപടി പുള്ളിയ്ക്കത്ര പിടിച്ചില്ലെന്നു തോന്നുന്നു... എന്തായാലും പുള്ളി വിഷയം മാറ്റി.

ചേട്ടന്‍: “നിങ്ങളുടെ വീട്ടിലേയ്ക്ക് ഇവിടന്നു നല്ല ദൂരം വരും അല്ലേ?”
ഞാന്‍: “ഉവ്വ”

ചേട്ടന്‍:“അപ്പോ കുട്ടിയ്ക്ക് ഇവിടെ ഹോസ്റ്റലില്‍ അഡ്മിഷന്‍ വേണമായിരിക്കും, അല്ലേ?”
ഞാന്‍:“അതെ... അതിനുള്ള കാര്യങ്ങളും കൂടി ശരിയാക്കണം”

ചേട്ടന്‍: “വേറെ കോളേജില്‍ വല്ലതും നോക്കിയായിരുന്നോ?"
ഇയാള്‍ക്കിതെന്തൊക്കെയറിയണം... ഞാന്‍ എങ്ങും തൊടാതെ ഉണ്ടെന്നും ഇല്ലെന്നും അര്‍ത്ഥം വരുന്ന രീതിയില്‍ തല കുലുക്കി.

ചേട്ടന്‍: “വീട് മുത്തോലപുരം, അല്ലേ? അതെവിടെയായിട്ടുവരും?” 
അതിനു ജാനു വിശദമായി ഉത്തരം കൊടുത്തു.

ഇതുകണ്ട് അവള്‍ക്ക് പിന്നെയും കുറേ പേപ്പറുകള്‍ കൂടി ചേട്ടന്‍ ഒപ്പിടാന്‍ എടുത്തുകൊടുത്തു.
എന്നിട്ടെന്നോടുചോദിച്ചു... 
“അച്ഛനെന്താ പരിപാടി?”

ഞാന്‍: “ആരുടെ? ഇവളുടെയോ, അതോ എന്റെയോ?”

ദാ കിടക്കണു... ഒരു നിമിഷത്തേയ്ക്ക്, ഞാനിവളുടെ ചേട്ടനായിട്ടാണ് ഇവിടെ വന്നിരിയ്ക്കുന്നതെന്ന കാര്യം മറന്നുപോയി!

എടുത്തപടിയ്ക്കുള്ള എന്റെ ഈ ഈ മറു-ചോദ്യം കേട്ടപ്പോള്‍ ആ ചേട്ടന്റെ മുഖത്തുണ്ടായ ഭാവവ്യത്യാസങ്ങള്‍ എനിയ്ക്ക് വിസ്തരിയ്ക്കാവുന്നതിലും അപ്പുറമായിരുന്നു!
കുറ്റബോധമാണോ... സംശയമാണോ... പരിഭ്രമമാണോ... ആ!


Dec 2, 2008

പൊന്തന്‍ മാട

മുവാറ്റുപുഴ - നിര്‍മ്മലാ ഹൈ സ്കൂളില്‍ പഠിക്കാന്‍ പറ്റിയത് എന്റെ ഏറ്റവും വലിയ ഒരു ഭാഗ്യമായിരുന്നു...
സ്കൂളില്‍ വച്ച് കലാപരിപാടികളില്‍ ആവേശപൂര്‍വ്വം പങ്കെടുക്കുക എന്നത് എന്റെ പതിവായിരുന്നു.
പഠനത്തിനൊപ്പം തന്നെ കുട്ടികളുടെ മറ്റു കഴിവുകള്‍ പ്രോത്സാഹിപ്പിയ്ക്കുന്നതിലും സ്ക്കൂളിലെ അദ്ധ്യാപകരും
സര്‍വ്വോപരി ഞങ്ങളുടെയൊക്കെ പ്രിയങ്കരനായ ഹെഡ്മാസ്റ്റര്‍ ജോസ് കരിവേലിക്കലച്ചനും പ്രത്യേക ശ്രദ്ധവച്ചിരുന്നു.

യുവജനോത്സവസമയമാവുമ്പോള്‍ സ്കൂളിലെ മൊത്തം കുട്ടികളെയും നാലഞ്ച് ഹൌസുകളാക്കി തിരിക്കും.
ക്ലാസില്‍ നിന്നും ഹൌസ് ലീഡര്‍മാരെ കുട്ടികള്‍ തിരഞ്ഞെടുക്കും, അവര്‍ തങ്ങളുടെ സിലേയ്ക്ക് അംഗങ്ങളെ തിരഞ്ഞെടുക്കും.
ഈ ഹൌസ് ലീഡര്‍മാര്‍ പത്താം ക്ലാസിലെ ഹൌസ് ലീഡര്‍മാരില്‍ നിന്നും മെയിന്‍ ഒരു ഹൌസ് ക്യാപ്റ്റനെയും തിരഞ്ഞെടുക്കും.
ഇങ്ങനെയാണ് ഏര്‍പ്പാട്... തീര്‍ത്തും ജനാധിപത്യപരമായ സംവിധാനം!

കലാപരിപാടികളില്‍ പങ്കെടുക്കാനുള്ള എന്റെ ഈ ആവേശത്തിന് വേറൊരു കാരണവുമുണ്ട്...
ഞാന്‍ അങ്ങനെ കൂട്ടുകാരുടെയിടയില്‍ വലിയ സ്വാധീനമൊന്നും ഉള്ള കൂട്ടത്തിലല്ല...ചുരുക്കം ചില സുത്തുക്കള്‍ ഉള്ളതൊഴിച്ചാല്‍.
അങ്ങനെ പൊങ്ങുതടി പോലെ ഒഴുക്കിനൊപ്പം സൈഡിലൂടെ പോകാനാണ് എനിക്കിഷ്ടം(ഇപ്പൊഴും അങ്ങനെയൊക്കെ തന്നെ)
യുവജനോത്സവത്തില്‍ പങ്കെടുത്താല്‍ ഇല്ലാത്ത പബ്ലിസിറ്റി ഉണ്ടാക്കിയെടുക്കാന്‍ അത് വളരെ സഹായിക്കും...
മറ്റ് കൂട്ടുകാര്‍ വീരസ്യം പറഞ്ഞും, പരീക്ഷയില്‍ സ്കോര്‍ ചെയ്തുമൊക്കെ നേടിയെടുത്ത ‘പൊതുജന‘സ്വാധീനം സുളുവില്‍ അടിച്ചെടുക്കാം!

അച്ഛനുമമ്മയും മിക്കവാറും പേരമ്മ-വല്യമ്മമാരും അമ്മാവന്മാരും ഒക്കെ മലയാളഭാഷാനിപുണര്‍ ആയതുകൊണ്ട് ഒരു പ്രസംഗമോ കവിതയോ ഒക്കെ സംഘടിപ്പിക്കാന്‍ ഒരു വിഷമവുമില്ല.
കൊച്ചമ്മാവനാണെങ്കില്‍ മോണൊആക്റ്റ് കലയുടെ ഉസ്താദും... 
പിന്നെ കഥാരചന, കവിതാരചന, നാടകം, ഫാന്‍സിഡ്രസ്... ഐറ്റങ്ങള്‍ പലതാണ്.

സ്കൂളുകളിലെ ഈ യുവജനോത്സവ മാമാങ്കം കൂടാതെ മേള,കലയരങ്ങ്,ഫാസ് ഇങ്ങനെയൊക്കെ പറഞ്ഞ് വേറെയും മത്സരവേദികള്‍ ധാരാളം...
സമ്മാനം ഒന്നും കിട്ടിയില്ലെങ്കിലും എന്നെ ഇതിലൊക്കെ പങ്കെടുപ്പിയ്ക്കാന്‍ അച്ഛനുമമ്മയും വലിയ ഉത്സാഹം കാണിച്ചിരുന്നു.
ഭാഗ്യത്തിനു ഒന്നോ രണ്ടോ സമ്മാനങ്ങള്‍ വീതം കിട്ടുകയും ചെയ്തു പോന്നു.
അക്കൊല്ലം പെരുമ്പാവൂരിലെ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി(ഫാസ്) വക കലാമേളയില്‍ ഞാനും പങ്കെടുത്തിരുന്നു, ഫാന്‍സി ഡ്രസില്‍‍.
കൊച്ചമ്മാവന്‍ വന്ന് മേക്ക് അപ്പ് ചെയ്തു തന്നു... സംഗതി കൊള്ളാം
അല്ലെങ്കിലും ഈ ഫാന്‍സി ഡ്രസില്‍ പങ്കെടുക്കാന്‍ വലിയ റിസ്ക് ഒന്നുമില്ല... മുഖത്തൊക്കെ മേക്ക് അപ്പായിരിക്കും അപ്പൊ ആരും തിരിച്ചറിയില്ല
‘സഭാകമ്പം‘ എന്ന ഓമനപ്പേരിട്ടുവിളിക്കുന്ന ചമ്മല്‍... ചളിപ്പ്... ഒഴിവാകുകയും ചെയ്യും!
എന്റെ വേഷം എന്താണെന്നല്ലേ.. പൊന്തന്‍ മാട! മമ്മൂട്ടിയുടെ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ വേഷം...
അമ്മാവന്റെ ആത്മവിശ്വാസം കണപ്പോള്‍ എനിക്കും ഒരു ധൈര്യമൊക്കെ വന്നു... അമ്മാവന്‍ ഫുള്‍ സെറ്റപ്പിലാണ് വന്നത്... 
മുഖത്ത് പശതേച്ച് ഉമിക്കരി ഒട്ടിച്ചു... പാളത്തൊപ്പി... കീറിപ്പറിഞ്ഞ വേഷം... പുറകില്‍ തൂങ്ങിക്കിടക്കുന്ന കോണകം...
ഊന്നുവടി... കുറെ കപ്പക്കിഴങ്ങും ഉണക്കമീനും വള്ളിയില്‍ തൂക്കി കൈയില്‍ പിടിച്ചിരിക്കുന്നു... അങ്ങനെ സംഭവം കിടിലന്‍!
ഇതൊന്നും പോരാഞ്ഞിട്ട് അമ്മാവന്‍ വേറൊരു പൊടിക്കൈ കൂടി പ്ലാന്‍ ചെയ്തിരുന്നു...
പൊന്തന്‍ മാട സ്റ്റേജിനു പകുതിയെത്തുമ്പോള്‍ ഒരു പിന്‍-വിളി വരും.. “പൊന്തന്‍ മാടേ“
അപ്പോള്‍ ഞാന്‍ തിരിഞ്ഞുനിന്നു ഒരു ചെറിയ ഡയലോഗ് പറയും.. “ഛീ, പണി നോക്കി പോടാ പിള്ളാരേ” എന്നോ മറ്റോ... 
കൊള്ളാം സംഗതി സെറ്റപ്പാണ്!!!
ഫാന്‍സി ഡ്രസിനു കേറുമ്പോള്‍ വേഷം എന്താണെന്നു വിളിച്ചുപറയുന്ന ബോറന്‍ പരിപാടി ഇവിടെയില്ല...
സംഘാടകര്‍ക്കു വിവരമുണ്ട്...  അത്ര പോലും കാഴ്ച്ചക്കാരിലേയ്ക്ക് ‘കമ്മ്യൂണിക്കേറ്റ്‘ ചെയ്യാന്‍ കഴിവില്ലെങ്കില്‍ പിന്നെ മത്സരിക്കാന്‍ ഇങ്ങോടു വരണ്ട എന്നാണ് അവരുടെ പക്ഷം...
അല്ലെങ്കിലും, “അടുത്തത് പിച്ചക്കാരന്‍...” , “അടുത്തത് അക്ബര്‍ ചക്രവര്‍ത്തി...” , “അടുത്തത് പട്ടാളക്കാരന്‍” എന്നൊക്കെ വിളിച്ചുപറയുന്നത് അറു ബോറാണ്!
എന്തായാലും സംഭവം വര്‍ക്ക് ഔട്ടായി... ബി ഗ്രേഡിന്റെ അഹങ്കാരത്തോടെയാണ് ഞാന്‍ അന്നു പെരുമ്പാവൂരുനിന്നും പോന്നത്‌!

ഇതേ ചരിത്രം തിരുത്തിക്കുറിയ്ക്കാമെന്ന ആത്മവിശ്വാസത്തോടെയാണ് ഞാന്‍ സ്ക്കൂള്‍ യുവജനോത്സവത്തില്‍ ഫാന്‍സി ഡ്രസ്സിനു പേരു കൊടുത്തത്...
ഫാന്‍സി ഡ്രസ്സുള്‍പ്പെടെ എട്ട് ഐറ്റം... കൊള്ളാം കേട്ടവര്‍ കേട്ടവര്‍ വാ പൊളിച്ചു...
എന്റെ ഹൌസ് ക്യാപ്റ്റന്‍ നേരിട്ടു വന്ന് പ്രോത്സാഹനങ്ങളും, പിന്‍ തുണയും അറിയിച്ചു...
എന്നെ സെലെക്റ്റ് ചെയ്യാത്തതിന് ക്ലാസിലെ മറ്റു ഹൌസ് ലീഡര്‍മാരെ അവരുടെ ഹൌസ് ക്യാപ്റ്റന്മാര്‍ ഫയര്‍ ചെയ്തു...
എന്റെ ഹൌസ് ലീഡര്‍ക്കാവട്ടെ അഭിമാനം കൊണ്ട് ഇരിയ്ക്കാന്‍ മേലാത്ത അവസ്ഥ!

ഫാന്‍സി ഡ്രസ് മാത്രം, ക്ലാസുള്ള ഒരു ദിവസം ഉച്ചകഴിഞ്ഞാണ്... മേക്ക് അപ്പൊക്കെ നമ്മള്‍ തന്നെ വേണം...
എന്നേക്കൊണ്ടു പറ്റാവുന്ന രീതിയിലൊക്കെ ഞാന്‍ അണിഞ്ഞൊരുങ്ങി...
പാളത്തൊപ്പി വച്ചു... മുഖത്ത് കുറെ പൌഡര്‍ വാരിയിട്ടു... 
കോണകം ഉടുത്തു പരിചയമില്ലാത്തതുകൊണ്ട് അതുമാത്രം വേണ്ടരീതിയില്‍ പിന്‍ഭാഗത്ത് തൂങ്ങിക്കിടന്നു
ഉണക്കമീനും കപ്പയും വടിയും ഒക്കെ റെഡി...
നെഞ്ചും വിരിച്ച് ജൂനിയര്‍ പൊന്തന്മാട സ്റ്റേജിന്റെയടുത്തേയ്ക്ക് മാര്‍ച്ച് ചെയ്തു...
സ്നേഹനിധിയായ ഹെഡ് മാസ്റ്റര്‍ ജോസ് കരിവേലിക്കലച്ചന്‍ കൈകള്‍ പിറകില്‍ കെട്ടി, വാത്സല്യം നീറഞ്ഞ ചിരിയോടെ മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നില്‍ക്കുന്നു...
ആ ലോഹായുടെ നീളന്‍ കൈകളിലൊന്നില്‍ ഒരൊന്നാന്തരം നീളന്‍ വള്ളിച്ചൂരല്‍ ഒളിച്ചിരിപ്പുണ്ടെന്ന കാര്യം ഞങ്ങളുടെയൊക്കെയിടയില്‍ രഹസ്യമായ പരസ്യമാണ്!  അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മെയ്‌വഴക്കമുള്ള അഭ്യാസി വാള്‍ ഉറയില്‍നിന്നും വലിച്ചൂരുന്നതുപോലെ അച്ചന്‍ അതു പുറത്തെടുത്ത് പ്രയോഗിയ്ക്കും.
അപ്പോളാണ് ഓര്‍ത്തത്, “പൊന്തന്‍ മാടേ“ എന്നു വിളിക്കാന്‍ ആളില്ല...
എവിടെ ഹൌസ് ക്യാപ്റ്റന്‍... എവിടെ ഹൌസ് ലീഡര്‍... ആ‍! ഒന്നിനും ഒരുത്തരവാദിത്വബോധവുമില്ല... കഷ്ടപ്പെട്ട് സമ്മാനം വാങ്ങാന്‍ (?) ഞാനും!
അതാ ഒരുത്തന്‍ അതിലേ കറങ്ങി നടക്കുന്നു... അവനെ പിടിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു...
അവനൊരു നല്ല കലാസ്വാദകനായിരുന്നതുകൊണ്ട് ആദ്യമൊന്നു നിരസിച്ചെങ്കിലും പിന്നെ സമ്മതിച്ചു...
ഞാന്‍ സ്റ്റേജിനടുത്തേയ്ക്ക് നീങ്ങിയപ്പോള്‍ അവന്‍ ഒന്നുകൂടി ചോദിച്ചു... “ചേട്ടാ കുഴപ്പമൊന്നുമില്ലല്ലോ...”
ഒരു കുഴപ്പവുമില്ലെന്നു പറഞ്ഞിട്ട് ഞാന്‍ സ്റ്റേജിനടുത്തേയ്ക്ക് പോയി.
അവിടെ ഇംഗ്ലീഷ് പഠിപ്പിയ്ക്കുന്ന സണ്ണി സാറാണ്  മൈക്ക് കൈകാര്യം ചെയ്യുന്നത്...
ഇതെന്തുവേഷമാണെന്ന് സണ്ണി സാര്‍ എന്നോട് ചോദിച്ചു... ഞാന്‍ നെറ്റി ചുളിച്ചു... ഈ സാറ് സിനിമയൊന്നും കാണാറില്ലേ, കഷ്ടം!
(ഞാന്‍ അതിനുമുന്‍പ് പൊന്തന്‍ മാട സിനിമ കണ്ടിട്ടില്ലായിരുന്നു. 
അതുകൊണ്ട് ഒരുക്കം കഴിഞ്ഞ് കണ്ണാടി നോക്കിയ്പ്പോള്‍, സണ്ണിസാറിനുണ്ടായ അതേ സംശയം എനിയ്ക്ക് തോന്നിയില്ല!)

അനൌണ്‍സ്മെന്റ് മുഴങ്ങി: “അടുത്തതായി സ്റ്റേജിലേയ്ക്ക് കടന്നുവരുന്നത് പൊന്തന്‍ മാട...”
ബോറന്‍ സാറ്... ഞാന്‍ സാറിനെ മനസാലെ പഴിച്ചുകൊണ്ട്, സര്‍വ്വദൈവങ്ങളെയും മനസ്സില്‍ സ്മരിച്ചുകൊണ്ട് ‘തട്ടില്‍’ കയറി.
നടന്നു സ്റ്റേജിന്റെ പകുതിയായിട്ടും ‘വിളി’ വരുന്നില്ല... ലവന്‍ പണി തന്നോ!
ഇല്ല... ദാ വരുന്നു “പൊന്തന്‍ മാടേ“ എന്ന നീട്ടിയൊരു വിളി... ഞാന്‍ ഡയലോഗ് പറയാനൊരുങ്ങി...
പക്ഷേ വിളിയുടെ പുറകെ വളരെ ദയനീയമായ മറ്റൊരു രോദനവും കൂടി അപ്രതീക്ഷിതമായി സ്റ്റേജിനു പിന്നില്‍ നിന്നും വന്നു...
ഞാനത് കാര്യമാക്കാ‍തെ ഡയലോഗു പറഞ്ഞ്, എന്തു കണ്ടാലും കൈയ്യടിയ്ക്കുന്ന ഓഡിയന്‍സിനു മുന്നിലൂടെ ഒരു വിജയിയെപ്പോലെ സ്റ്റേജില്‍നിന്നും പോന്നു.
സി കഴിഞ്ഞ് വേറെ ഗ്രെയിഡൊന്നും ഇല്ലാത്തതുകൊണ്ടോ എന്തോ അന്നെനിയ്ക്ക് സി ഗ്രെയിഡ് കരസ്ഥമാക്കാന്‍ കഴിഞ്ഞു!!!

പിന്നീടാണ് ‘പൊന്തന്‍ മാടേ’ വിളിയുടെ പിറകേ വന്ന ദീനരോദനത്തിന്റെ രഹസ്യം ചുരുളഴിഞ്ഞത്...
എന്റെ നിര്‍ദ്ദേശപ്രകാരം ലവന്‍ ‘പൊന്തന്‍ മാടേ’ എന്നു വിളിച്ചപ്പോള്‍,
 ദൌര്‍ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍  കരിവേലിക്കലച്ചനും ആ പരിസരത്തുണ്ടായിരുന്നു...
കുട്ടികളുടെ കഴിവുകളെ  ഏതുവിധത്തിലും പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധാലുവായിരുന്ന അച്ചന്‍,
എന്റെ പരിപാടി കലക്കാന്‍ ഏതോ തെമ്മാടി ചെയ്ത തോന്നിയവാസമാണ് ഇതെന്നു കരുതി ലോഹായുടെ കൈയ്ക്കുള്ളില്‍ ഭദ്രമാക്കി വച്ചിരുന്ന വള്ളിച്ചൂരല്‍ വലിച്ചൂരി അവന്റെ പിന്‍ഭാഗത്ത് പ്രയോഗിച്ചു... 
ആ അജ്ഞാത സുത്ത് ദീനമായി നിലവിളിച്ചുകൊണ്ട് പിന്‍ഭാഗവും തിരുമ്മി ജീവനുംകൊണ്ടോടി!

സായിപ്പിനെക്കണ്ടാല്‍ കവാത്തു മറക്കുമെന്നു പറഞ്ഞപോലെ കരിവേലിക്കലച്ചന്‍ ‘പൊക്കിയാല്‍‘ ഞങ്ങള്‍ നിര്‍മ്മലക്കാര്‍ മറുത്തൊന്നും തന്നെ പറയാന്‍ നില്‍ക്കാതെ കിട്ടാനുള്ളത് മേടിക്കയാണ് പതിവ്... 
അവിടെയും അതുതന്നെയാണ് സംഭവിച്ചതെന്നു തോന്നുന്നു!
ഇനിയിപ്പൊ അവന്‍ സത്യം പറഞ്ഞായിരുന്നോ എന്നും അറിയില്ല!
പിന്നീടൊരിക്കലും ആ അജ്ഞാത സുത്ത് എന്റെ കണ്മുന്‍പില്‍ വന്നിട്ടില്ല! അതുകൊണ്ട് സത്യാവസ്ഥ മനസ്സിലാകാനോ, ഒരു സോറി പോലും പറയാനോ പറ്റിയിട്ടില്ല!

Dec 1, 2008

മുടിയേറ്റ്!

അമ്മയുടെ വീട്ടില്‍(മുത്തലപുരം) മുടിയേറ്റിനു പോവുക എന്നത് ശരിക്കും ഒരു ഹരം തന്നെ.
അതുകൊണ്ട് ആ പ്രാവശ്യവും അമ്മ എത്തുന്നതിനും ഒരു ദിവസം മുന്‍പേ മുത്തലപുരത്ത് എത്തി...
അമ്മയുടെ കൂടെ പോരാന്‍ നിന്നാല്‍ പ്രധാനമന്ത്രിയുടെ പ്രളയബാധിത പ്രദേശ സന്ദര്‍ശനം പോലെയാണ്...
മുടിയേറ്റിന്റെ അന്ന് വൈകീട്ട് വരുക, പിറ്റേ ദിവസം അതിരാവിലെ തിരിച്ചു പോകുക...ഒന്നും അങ്ങോട്ട് വെടിപ്പാവില്ല...

ഇപ്രാവശ്യവും പതിവുപോലെ എല്ലാവരും തന്നെ എത്തിയിട്ടുണ്ട്...
വല്യമ്മാവനാണ് ഇക്കൂട്ടത്തില്‍ ഏറ്റവും കാര്യമായി ഉത്സവം കൂടുക.
ഏറ്റവും കൂടുതല്‍ സമയം ഉത്സവപ്പറമ്പില്‍ ചെലവഴിക്കുന്നതും അമ്മാവനായിരിക്കും.
അതുകൊണ്ട് അമ്മാവന്റെ കൂടെ വട്ടമിട്ട് കൂടി..

‘മുടിയേറ്റ്‘ ‘മുടിയേറ്റ്‘ എന്നു കേട്ടിട്ടുള്ളതല്ലാതെ ഇതെന്തു സംഭവമാണെന്ന് വലിയ ധാരണ ഒന്നും ഇല്ല.
ഉത്സവപ്പറമ്പില്‍ ചെന്നപ്പോളാണ് കാര്യങ്ങളുടെ ഇരിപ്പുവശം മനസിലായത്, സംഗതി തുടങ്ങിക്കിട്ടാന്‍ കുറച്ചു സമയം പിടിക്കും...
ശരി എന്തായാലും വന്നതല്ലെ, കുറച്ചെങ്കിലും കണ്ടുകളയാം...
ഉത്സവപ്പറമ്പില്‍ വച്ച് കുറേ പഴയ പരിചയക്കാര്‍ക്ക് എന്നെ അമ്മ പരിചയപ്പെടുത്തി.
(അമ്മയ്ക്ക് മുത്തലപുരത്തുള്ള പരിചയക്കാരെയൊക്കെ ഞാന്‍ കണ്ടിരിക്കുന്നത് ഉത്സവപ്പറമ്പില്‍ വച്ചാണ്!)

കോയിമ്പിടാരുടെ “അടിയെടാ അടിപ്പീരേ...” യും കാളിയുടെ മുടി നിവര്‍ത്തലുമൊക്കെ ശരിക്കങ്ങോട്ട് രസിച്ചതുകൊണ്ട് കുറച്ച് ഉറക്കം തൂങ്ങിയാലും വേണ്ടില്ല, ഈ മുടിയേറ്റ് കണ്ടുകളയാമെന്നു തീരുമാനിച്ചു.
ഏറ്റവും അദ്ഭുതം തോന്നിയത് അത്ര നേരം വളരെ സാത്വികനായി വിളക്കില്‍ എണ്ണ നിറച്ചും ചെണ്ടക്കാര്‍ക്ക് സോഡാ എത്തിച്ചു കൊടുത്തുമൊക്കെ നടന്ന മധു എന്ന ചേട്ടന്‍ മുടിയേറ്റിലെ കൂളി വന്ന സമയം കൃത്യം ഫിറ്റായതാണ്!!! 
കൂളി പുള്ളിക്കാരനെ കൂളായി പൊക്കിയെടുക്കുകയും, ‘പലതും’ കൊടുക്കുകയുമൊക്കെ ചെയ്തു... 
ആളുകള്‍ ചിരിയെടാ ചിരി...
പരിപാടി തകര്‍ക്കുന്നുണ്ട്, പക്ഷെ ഉറക്കം വന്നിട്ട് എന്റെ സമനില നഷ്ടപ്പെട്ടു തുടങ്ങി എന്ന തിരിച്ചറിവ് എന്റെ കാലുകളെ വീട്ടിലേയ്ക്ക് നയിച്ചു! 
നേരം വെളുത്താല്‍ തിരിച്ച് വീട്ടില്‍ പോകാനുള്ളതാണ്.
അമ്മ ഫസ്റ്റുബസ്സിനു സ്ഥലം വിടും. ഉച്ചയ്ക്കു മുന്‍പെങ്കിലും വീട്ടിലെത്തണമെന്നാണ് എനിക്കുള്ള നിര്‍ദ്ദേശം.

അല്‍പ്പമൊന്നുറങ്ങി... ഏതാണ്ട് പത്തുപതിനൊന്നുമണിയായപ്പോളേക്ക് ഞാന്‍ തപ്പിത്തടഞ്ഞെഴുന്നേറ്റു.
പല്ലുതേപ്പും മറ്റും പെട്ടെന്നു കഴിഞ്ഞു. 
അപ്പോളാണ് ഒരു വന്‍ സന്തോഷവാര്‍ത്ത കേട്ടത്.
വാഴക്കുളത്തുള്ള വല്യച്ഛനും പോകാനൊരുങ്ങിനില്‍ക്കുന്നുണ്ട്. വേഗം ഇറങ്ങിയാല്‍ കൈനെറ്റിക്ക് ഹോണ്ടായില്‍ മുവാറ്റുപുഴവരെ ഒരു സവാരി കിടയ്ക്കും!!!
ഹൊ.. എനിക്കു രോമാഞ്ചം വന്നു...പെട്ടെന്ന് കുളികഴിഞ്ഞു... 
അപ്പോളാണ് ഒരു പ്രശ്നം....

എന്റെ ഷര്‍ട്ടും മറ്റ് ‘അവശ്യസാധനങ്ങളും‘ ഒരു സാരിക്കൂടിലാക്കി ഞാന്‍ മുകളിലത്തെ മുറിയില്‍ വച്ചിരിക്കയാണ്.
ഞാന്‍ മുകളിലേക്കു പോയി... 
സ്റ്റെപ്പിലെ ഓരോ ചുവടുവയ്ക്കുംതോറും അതിഭയങ്കരമായ ഒരു കൂര്‍ക്കംവലി കൂടുതല്‍ കൂടുതല്‍ വ്യക്തമായി വന്നു...
ഞാന്‍ പതുക്കെ മുറിയുടെ വാതിലിന്റെ വിടവിലൂടെ ഒളിഞ്ഞു നോക്കി...
സംഭവമിതാണ്.. വല്യമ്മാവന്‍ വിശാലമായി മുടിയേറ്റൊക്കെ കണ്ട്, ഭഗവതിയ്ക്ക് ഗുഡ്മോണിങ്ങും കൂടി പറഞ്ഞിട്ട് വന്നു കിടക്കയാണ്.
ഒരു ഫുള്‍ രാത്രിയിലെ ഉറക്കവും കടം... 
അമ്മാവന്റെ കൂര്‍ക്കംവലി ആ മുറിയുടെ ഭിത്തികളെ പ്രകമ്പനം കൊള്ളിച്ചു!
എന്റെ ‘മാറാപ്പ്‘ ആ മുറിയിലെ അലമാരയ്ക്കുള്ളിലാണ്...
ഞാന്‍ പമ്മി പമ്മി ഒച്ചയുണ്ടാക്കാതെ മുറിക്കകത്ത് കടന്നു... 
അലമാരയ്ക്കകത്ത് രണ്ടുമൂന്ന് കൂടുകളുണ്ട്. എല്ലാം ഏതാണ്ടൊരുപോലെയിരിക്കുന്നു.തുറന്നു നോക്കിയാലെ നമ്മുടെ സാധനം ഏതാണെന്നറിയാന്‍ പറ്റൂ.

ഞാന്‍ ഒരെണ്ണം തുറന്നു... 
പ്ലാസ്റ്റിക്ക് കവര്‍ തുറക്കുമ്പോളുള്ള അലമ്പ് ശബ്ദം ഇപ്പോള്‍ അമ്മാവന്റെ കൂര്‍ക്കം വലിശബ്ദത്തോട് മത്സരിച്ചുകൊണ്ടിരിക്കുകയാണ്.
മൂന്നാമത്തെ കവര്‍ എന്റേതാണെന്നു മനസിലായ ഒപ്പം തന്നെ മറ്റൊരു കാര്യവും എനിക്കു മനസ്സിലായി... 
പ്ലാസ്റ്റിക്ക് കവറിന്റെ ആ അലമ്പ് ശബ്ദം അമ്മാവന്റെ കൂര്‍ക്കം വലി ശബ്ദത്തിനുമേലെ അപ്രതീക്ഷിതമായ വിജയം നേടിയിരിക്കുന്നു! 
ഇപ്പോള്‍ ഒരു ശബ്ദം മാത്രമേ മുറിയിലുള്ളൂ...
ഞാന്‍ കവറും കൊണ്ട് തിരിഞ്ഞു.. അപ്പോള്‍ കണ്ട കാഴ്ച്ച!
ദാരികന്റെ തലകൊയ്യാന്‍ നില്‍ക്കുന്ന കാളിയുടേത് പോലെ കണ്ണുകള്‍ രണ്ടും ചുവപ്പിച്ച് ക്രോധം കൊണ്ട് അടിമുടിവിറച്ച് വല്യമ്മാവന്‍ സംഹാരരൂപിയായി മുന്നില്‍ നില്‍ക്കുന്നു!
എന്റെ അന്തരാത്മാവ് എന്നോടു മന്ത്രിച്ചു... “ഇന്നിവിടെ കൊല നടക്കും!!!“
എത്രയും പെട്ടെന്ന് ആ മുറിയില്‍നിന്നും അന്തര്‍ധാനം ചെയ്യുക എന്നതല്ലാതെ മറ്റൊന്നും എന്റെ മനസിലില്ല... 
അമ്മാവന്റെ ‘ഫയറിങ്ങ്‘  ആ മുറിയെ യധാര്‍ഥത്തില്‍ ഒരു യുദ്ധക്കളം പോലെ ശബ്ദമുഖരിതമാക്കി!!!
ബോംബു പൊട്ടുന്ന ശബ്ദത്തില്‍ വാതില്‍ എന്റെ മുന്‍പില്‍ കൊട്ടിയടഞ്ഞു...
ഉറക്കപ്പിച്ചിലായിരുന്നതുകൊണ്ടാണോ എന്തോ അമ്മാവന്‍ പറഞ്ഞതൊന്നും എനിക്കു തിരിഞ്ഞില്ല.
മലയാളമാണോ, ഹിന്ദിയാണോ അതോ ഇനി മറാഠിയാണോ... ആ! (അക്കാലത്ത് അമ്മാവനും കുടുംബവും പൂനയിലായിരുന്നു താമസം...)
എന്തായാലും ആ പറഞ്ഞതിന്റെ മൊത്തത്തിലുള്ള അര്‍ത്ഥം ഞാന്‍ ഊഹിച്ചെടുത്ത് പൂരിപ്പിച്ചു...
രാവിലെ എഴുന്നേറ്റപടി മൂത്രമൊഴിച്ചത് എത്രനന്നായെന്നു ഞാന്‍ ആശ്വാസത്തോടെ ഓര്‍ത്തു!

ഇതിപ്പോ കക്ഷത്തിലിരുന്നതു പോവുകയും ചെയ്തു ഉത്തരത്തിലിരുന്നതു കിട്ടിയുമില്ല എന്നു പറഞ്ഞപോലെയായി സംഭവം! 
എന്റെയാ സാരിക്കൂടൊട്ടു കിട്ടിയുമില്ല, ചുമ്മാ കിടന്നുറങ്ങിയിരുന്ന അമ്മാവനെ എഴുന്നേല്‍പ്പിച്ച് വായിലിരുന്നതൊക്കെ കേള്‍ക്കയും ചെയ്തു!

താഴെനിന്ന് കൊച്ചമ്മായി എന്താ പറ്റിയതെന്നു വിളിച്ചു ചോദിക്കുന്നുണ്ട്... 
ഛെ! നാണക്കേടായി. ഇപ്രാവശ്യം വേറെ വഴക്കൊന്നും മേടിക്കാതെ ‘മുടുക്കനായി‘ നടന്നതായിരുന്നു!
ഞാന്‍ ഇഞ്ചി കടിച്ച കുരങ്ങന്റെ പോലെ വാതുക്കല്‍ കണ്ണും നട്ടിരുന്നു. എന്റെ കാത്തിരിപ്പു വെറുതെയായില്ല... 
അമ്മാവന്‍ ‘ഫയറിങ്ങ്‘ തുടര്‍ന്നുകൊണ്ടുതന്നെ വാതില്‍തുറന്ന് സാരിക്കൂട് എന്റെ മുന്‍പിലേക്ക് വലിച്ചെറിഞ്ഞു...
ഒരു മിസൈല്‍ പോലെ അത് എന്റെ തലയ്ക്കു മുകളിലൂടെ പറന്ന് ഭിത്തിയിലിടിച്ച് നിലം പതിച്ചു.
ഞാന്‍ ഉള്ള ജീവനും കൊണ്ട് അതുമെടുത്ത് പറ പറന്നു... 

അപ്പുറത്ത് കൈനെറ്റിക് ഹോണ്ടാ സ്റ്റാര്‍ട്ടാക്കുന്ന ശബ്ദം... 
ഭാഗ്യം ഇനി അമ്മായിയെ ഫെയിസുചെയ്യാതെ വിട്ടുപോകാന്‍ ഒരു കാരണമായല്ലോ!
ഞാന്‍ സ്കൂട്ടറില്‍ ചാടിക്കയറി ഡബിള്‍ബെല്‍ കൊടുത്തു... കാപ്പി കുടിക്കുന്നില്ലേയെന്ന് അമ്മായി വിളിച്ചുചോദിച്ചതു കേട്ടു...
കാപ്പിയേക്കാള്‍ പ്രാധാന്യമുള്ള വസ്തുക്കള്‍ ലോകത്തു വേറേയുമുണ്ടെന്ന് വിളിച്ചുപറയാന്‍ തുടങ്ങിയെങ്കിലും അതു ഞാന്‍ വിഴുങ്ങി.
ഒരു ഇളിച്ചചിരിമാത്രം മുഖത്തു ഫിറ്റു ചെയ്ത് യാത്ര തുടങ്ങി.

കൈനെറ്റിക്ക് ഹോണ്ടാ-യാത്രയുടെ ഹരത്തില്‍ ഞാന്‍ നല്ല ജോളിയായി ഇരുന്നു...
അപ്പോളാണ് ശ്രദ്ധിച്ചത് സ്കൂട്ടറിന്റെ വേഗം കൂടിവരുന്നതുപോലെ തോന്നുന്നു!
മെല്ലെമെല്ലെ കൈനെറ്റിക് ഹോണ്ട ഒരു കൊടുംകാറ്റായി മാറുകയായിരുന്നു.
കിടിലന്‍ ഒരു വളവുവീശിക്കഴിഞ്ഞ് വല്യച്ഛന്‍ വണ്ടി സ്ലോയാക്കി, തലതിരിച്ച് എന്നോട് ഇത്രയും പറഞ്ഞു:
“എടാ നീയെന്നെ മുറുക്കെ പിടിച്ചിരിക്ക്, നീ പുറകില്‍ത്തന്നെയുണ്ടെന്ന് എനിക്കൊരു ഉറപ്പിനാ...”
കൈനെറ്റിക് ഹോണ്ട ‘എം സി റോഡിനെ‘ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് വീണ്ടും ആഞ്ഞടിച്ചു!!!
അന്നു രാവിലത്തെ യുദ്ധരംഗം സ്വാഭാവികമായും എന്റെ മനസില്‍നിന്നും മുഴുവന്‍ മാഞ്ഞുപോയെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ!
ഞാന്‍ സകല ശക്തിയുമെടുത്ത് വല്യച്ഛനെ മുറുകെ പിടിച്ച് കണ്ണുമടച്ചിരുന്നു... 
പക്ഷെ എന്റെ ചുണ്ടുകള്‍ അറിയാതെ ചലിച്ചു
“അര്‍ജ്ജുനന്‍... ഫല്‍ഗുനന്‍... പാര്‍ത്ഥന്‍...“